സ്നേഹഭവനം വിദ്യാർത്ഥിനികളുടെ ഉദാത്ത മാതൃക: മുനവ്വറലി തങ്ങൾ
മഞ്ചേരി : വീടില്ലാത്ത ഒരു സഹപാഠിക്ക് വീട് നിർമ്മിച്ചു നൽകുക എന്ന മാനുഷിക പ്രവർത്തനം നടത്തിയ വിദ്യാർത്ഥിനികൾ സമൂഹത്തിനുമുന്നിൽ ഉദാത്തമായ മാതൃകയാണ് കാഴ്ചവെച്ചതെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.കൊരമ്പയിൽ അഹമദ് ഹാജി സ്മാരക യൂണിറ്റി വനിതാ കോളേജിൽ സ്നേഹഭവനം 3 പദ്ധതിയുടെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. .
വീടില്ലാത്ത വിദ്യാർഥിക്ക് യൂനിറ്റി കോളേജിലെ വിദ്യാർഥിനികളും അധ്യാപക അനധ്യാപകരും ചേർന്ന് വീട് നിർമിക്കുന്ന സ്നേഹഭവനം പദ്ധതിയുടെ മൂന്നാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു കോളേജ് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ മുനവ്വറലി തങ്ങളുടെ അനുമോദനം . മഞ്ചേരി മുനിസിപ്പാലിറ്റിയിലെ മുപ്പത്തിമൂന്നാം വാർഡിലാണ് വീട് നിർമിച്ചത്. അടുത്ത വർഷം സ്നേഹഭവനം 4 എന്ന പേരിൽ നിർമിക്കാനിരിക്കുന്ന വീടിൻെറ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
കോളേജിലെ സി.എച്ച്. ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. മുഹമ്മദ് ബഷീർ ഉമ്മത്തൂർ സ്വാഗതം പറഞ്ഞു. എംഎൽഎ അഡ്വ. യു.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു . കോർഡിനേറ്റർ ശ്രീ.റാഹിബ് ബി റിപ്പോർട്ട് അവതരിപ്പിച്ചു. പദ്ധതിയുടെ ഓരോ ഘട്ടത്തിലും സൗജന്യമായി സേവനം നൽകിയ എഞ്ചിനീയർമാർ, പ്ലംബർ, ഇലക്ട്രീഷ്യൻ തുടങ്ങി നിർമാണത്തിലെ സഹകാരികളെ ആദരിച്ചു.
എഞ്ചിനീയർ ഒ. അബ്ദുൽ അലി ( കോളേജ് മാനേജർ), അഡ്വ. പ്രേമ രാജീവ് (കൗൺസിലർ, വാർഡ് 33), ടി. അലി (ജോയിന്റ് സെക്രട്ടറി, പിടിഎ), ഡോ. ഷാഹിന മോൾ എ.കെ (കോർഡിനേറ്റർ, ഐക്യുഎസി), ഫാത്തിമ തസ്നി(കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി) എന്നിവർ സംസാരിച്ചു. ട്രഷറർ ശ്രീ. കണ്ണിയൻ മുഹമ്മദലി കണക്കുകൾ അവതരിപ്പിച്ചു. എൻ.ടി.എസ്. പ്രതിനിധി ആദം താനാരി നന്ദി പറഞ്ഞു.